ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടിക പുതുക്കുന്നതിൽ ആധാർ കാർഡുൾപ്പെടെ മൂന്നു തിരിച്ചറിയൽ രേഖകൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി. വോട്ടർ പട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മിഷന് തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വോട്ടർപട്ടിക പുതുക്കുന്നതിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.
ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നീ രേഖകൾ വോട്ടർ പട്ടിക പുതുക്കുമ്പോൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. അതേസമയം, കേസിൽ ഇടക്കാല വിധിയില്ല. കേസ് വീണ്ടും ജൂലൈ 28ന് പരിഗണിക്കുമെന്നും 21നകം തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, അസോസിയഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരുൾപ്പെടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിക്കവെ വോട്ടർപട്ടിക പുതുക്കുന്ന സമയത്തെക്കുറിച്ച് സുപ്രീംകോടതി ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു .