ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശിവകുമാർ തയാറായില്ല. നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്നും നിലവിൽ ഇങ്ങനെയൊരു നീക്കമില്ലെന്നും കൂടിക്കാഴ്ചയ്ക്കു മുൻപ് ഡി.കെ.ശിവകുമാർ പറഞ്ഞു.
രണ്ടര വർഷം കഴിയുമ്പോൾ സിദ്ധരാമയ്യയ്ക്കു പകരം ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ ധാരണയുള്ളതായി അഭ്യൂഹമുണ്ട്.
ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ച് ചില എംഎൽഎമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി നേതൃത്വത്തെ കാണാൻ ഡൽഹിയിലുണ്ട്. ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതാണ്.
ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞെങ്കിലും നേതൃമാറ്റം സംബന്ധിച്ചാണു കൂടിക്കാഴ്ചയെന്ന് അഭ്യൂഹമുണ്ട്.






































