മംഗളുരു. ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗളുരു ധര്‍മസ്ഥാല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. 1998 മുതൽ 2014 വരെ നടന്ന സംഭവങ്ങൾ വിവരിച്ച് ദക്ഷിണകന്നഡ പൊലീസ് മേധാവിക്ക് പരാതി നൽകി. ക്ഷേത്രം സൂപ്പർവൈസറാണ് തന്നെ ഭീഷണിപ്പെടുത്തി മൃതദേഹങ്ങൾ സംസ്കരിപ്പിച്ചതെന്നാണ് ശുചീകരണതൊഴിലാളിയുടെ മൊഴി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1998 മുതൽ 2014 വരെ ധര്‍മസ്ഥാല ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നയാളാണ് പരാതിക്കാരന്‍.
നേത്രാവതി നദിക്കരയിലെ ശുചീകരണമായിരുന്നു തന്റെ ജോലി. ഇതിനിടെ നിരന്തരം രാത്രികളിൽ സൂപ്പർവൈസർ വിളിച്ച് മൃതദേഹങ്ങൾ സംസ്കരിപ്പിക്കുമായിരുന്നു. ബലാത്സംഗം ചെയ്ത രീതിയിൽ വസ്ത്രങ്ങൾ പോലുമില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കേണ്ടിവന്നു. കൂട്ടത്തിൽ 13 വയസ്സുള്ള സ്കൂൾകുട്ടിയുടെ മൃതദേഹം പോലും കത്തിച്ച് കുഴിച്ചിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇതൊക്കെ ചെയ്യിച്ചതെന്നും മനം മടുത്ത് പത്ത് വർഷം മുൻപ് നാട് വിടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. മനസ്സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല, കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് അന്ത്യകർമം ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. അഭിഭാഷകർ മുഖേനെ നടത്തിയ വെളിപ്പെടുത്തലിൽ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. തെളിവുകളായി ചില ഫോട്ടോഗ്രാഫുകൾ ഇയാൾ നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിലെ അന്വേഷണം ധർമസ്താലാ പൊലീസിന് കനത്ത വെല്ലുവിളിയാണ്.