ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ 22 പേർക്കായി തെരച്ചിൽ തുടരുകയാണ്. ഹിമാചലില് ഇതുവരെ മഴക്കെടുതിയില് 51 പേർ മരിച്ചു, 104 പേർക്ക് പരിക്കേറ്റു, ഇരുന്നൂറോളം വീടുകൾ തകർന്നെന്നും അധികൃതർ അറിയിച്ചു. ചണ്ഡിഗഡ് – മണാലി ദേശിയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഉത്തരാഖണ്ഡിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും കാണാതായവർക്കയയി ഇന്നും തെരച്ചിൽ തുടരും. മധ്യ പ്രദേശിലും, ഉത്തർ പ്രദേശിലും, രാജസ്ഥാനിലും മഴയ്ക്ക് നേരിയ ശമനം ഉണ്ട്. ജൂലൈ 7 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.