മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹം വെള്ളം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെ പെരുവഴിയിലായി. വാഹനവ്യൂഹത്തിന്റെ ഭാഗമായ 19 വാഹനങ്ങള്‍ പമ്പില്‍ നിന്ന് തള്ളി നീക്കുകയായിരുന്നു. പമ്പില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ പണിമുടക്കിയത്. പിന്നാലെ പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ഒരു പരിപാടിയില്‍ അകമ്പടിയായി ചെല്ലേണ്ട വാഹനങ്ങള്‍ക്കാണ് പണി കിട്ടിയത്. രത്ലം ജില്ലയിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോറില്‍ നിന്ന് വന്ന വാഹനങ്ങള്‍ രത്ലമിലെ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ വാഹനങ്ങള്‍ തകരാറിലായി. ചില വാഹനങ്ങള്‍ പമ്പില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ റോഡില്‍ വച്ചാണ് പണിമുടക്കിയത്. മറ്റ് ചില വാഹനങ്ങള്‍ ഇന്ധനം നിറച്ചതിന് പിന്നാലെ പമ്പില്‍ നിന്ന് അനങ്ങുന്നതുപോലും ഉണ്ടായിരുന്നില്ല. ഈ വാഹനങ്ങള്‍ ഡ്രൈവര്‍മാരും പെട്രോള്‍ പമ്പ് ജീവനക്കാരും ചേര്‍ന്ന് തള്ളിമാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.