അഹമ്മദാബാദില്‍ 272 പേരുടെ ജീവന്‍ കവര്‍ന്ന എയര്‍ ഇന്ത്യ വിമാന അപകടത്തിൽ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി റിപ്പോര്‍ട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വിശകലനം ചെയ്യുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഉള്‍പ്പെട്ട ബ്ലാക് ബോക്സിന് ദുരന്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് യുഎസിലേക്ക് അയയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. മെമ്മറി മൊഡ്യൂള്‍, ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ എന്നിവ വിജയകരമായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വീണ്ടെടുത്തുവെന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും മന്ത്രാലയവൃത്തങ്ങള്‍ വിശദീകരിച്ചു.
കോക്പിറ്റിനുള്ളിലെ സംസാരങ്ങള്‍, വിമാന ജീവനക്കാരുടെ പ്രതികരണങ്ങള്‍, പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ എന്നിവയാണ് സിവിആറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. എഫ്ഡിആറില്‍ നിന്നാവട്ടെ വിമാനം അപകടത്തില്‍പ്പെടുന്ന സമയത്തെ മര്‍ദം, എയര്‍ സ്പീഡ്, ഫ്ലൈറ്റ് കണ്‍ട്രോള്‍ ഇന്‍പുട്സ്,എന്‍ജിന്‍ പെര്‍ഫോമന്‍സ് എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിക്കും. വിമാനാപകടത്തിന്‍റെ കാരണമെന്തെന്നറിയാന്‍ ഇതിലൂടെ കഴിയും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.