പബ്ജി കളിക്കിടെ പ്രണയം; ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍

293
Advertisement

മഹോബ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ പബ്ജി ഗെയിമിന് അടിമയായ യുവതി, ഓണ്‍ലൈന്‍ ഗെയിമിനിടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ച സംഭവം വിവാദമായി. ആരാധന എന്ന യുവതിയാണ്, ഗെയിമിനിടെ പരിചയപ്പെട്ട പഞ്ചാബിലെ ലുധിയാന സ്വദേശിയായ ശിവവുമായി പ്രണയത്തിലായത്.
2022-ല്‍ മഹോബയില്‍ നിന്നുള്ള ഷീലുവിനെ വിവാഹം കഴിച്ച ആരാധനയ്ക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. വിവാഹത്തിന് ശേഷം, പബ്ജി ഗെയിമിന് അടിമയായ ആരാധന, ശിവവുമായി ഗെയിമിനിടെ പരിചയപ്പെടുകയും അവരുടെ സൗഹൃദം പ്രണയമായി മാറുകയും ചെയ്തു. ശിവം ആയിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മഹോബയിലെത്തി ആരാധനയെ കാണാന്‍ എത്തിയതോടെയാണ് സംഭവം യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞത്.
ശിവത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ആരാധനയുടെ കുടുംബത്തെ ഞെട്ടിച്ചു. തനിക്ക് ശിവത്തോടൊപ്പം ജീവിക്കണമെന്ന് ആരാധന നിര്‍ബന്ധം പിടിച്ചു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, വീട്ടുകാരും നാട്ടുകാരും ഇടപെട്ടതോടെ, സംഭവം വലിയ സംഘര്‍ഷത്തിന് വഴിവച്ചു. ഭര്‍ത്താവ് ബന്ധത്തെ ചോദ്യം ചെയ്തപ്പോള്‍, ആരാധന ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ‘മീററ്റ് കൊലപാതകക്കേസിലെ പോലെ, ഭര്‍ത്താവിനെ 55 കഷണങ്ങളായി വെട്ടി ഡ്രമ്മില്‍ ഇടും,’ എന്നാണ് യുവതി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരാധനയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന്, പോലീസ് ശിവത്തെ അറസ്റ്റ് ചെയ്തു. പതിനാല് മാസം മുമ്പ് പബ്ജി കളിക്കുന്നതിനിടെ ആരാധനയെ പരിചയപ്പെട്ടതായും, ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്ന് ആരാധന പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താന്‍ മഹോബയിലേക്ക് എത്തിയതാണെന്നും ശിവം പോലീസിനോട് വെളിപ്പെടുത്തി. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 151 പ്രകാരം ശിവത്തിനെതിരെ കേസെടുക്കുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement