“
സൈബർ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കോളർ ട്യൂൺ നീക്കം ചെയ്ത് കേന്ദ്ര സർക്കാർ. ഓരോ തവണ ഫോൺ ചെയ്യുമ്പോഴും കോളർ ട്യൂണിന് വേണ്ടി സമയം പാഴാകുന്നതിൽ ഉപയോക്താക്കൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അമിതാഭ് ബച്ചന്‍റെ ശബ്ദത്തിലുള്ള പ്രീ റെക്കോഡഡ് കോളർ ട്യൂൺ വലിയ ശല്യമായതോടെ ബച്ചനെതിരേയും വിമർശനം ഉയർന്നിരുന്നു. വ്യാഴാഴ്ച കാമ്പെയ്‌ൻ അവസാനിച്ചതോടെ സന്ദേശം നീക്കം ചെയ്‌തതായി
സർക്കാർ അറിയിച്ചു. അടിയന്തര സന്ദർഭങ്ങളിൽ കോൾ കണക്റ്റ് ആകാൻ വൈകുന്നതാണ് വിമർശനങ്ങൾക്ക് അടിസ്ഥാനം. അതേ സാർ, ഞാനുമൊരു ഫാനാണ്.. അതുകൊണ്ട്?? എന്നൊരു പോസ്റ്റ് അടുത്തയിടെ ബച്ചൻ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതിനു മറുപടിയായി.. അതു കൊണ്ട് ഫോണിൽ ഇക്കാര്യം പറയുന്നത് നിർത്തൂ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. ബച്ചൻ ഇതിനു രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഇക്കാര്യം സർക്കാരിനോടാണ് പറയേണ്ടത്. അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ ചെയ്തത് എന്നായിരുന്നു ബച്ചന്‍റെ മറുപടി.