ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്വാദി പാര്‍ട്ടി യുവ എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോര്‍ട്ട്. വിവാഹം 2025 നവംബര്‍ 18 ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബറിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് വിവാഹം നീട്ടിയത്. ജൂണ്‍ 8ന് ലഖ്നൗവിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. സമാജ്വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ എംപി ഡിംപിള്‍ യാദവും ഉള്‍പ്പെടെ നിരവധി വലിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങള്‍ പ്രിയയും റിങ്കുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

റിങ്കു-പ്രിയ സരോജ് വിവാഹം 2026 ഫെബ്രുവരിയിലേക്ക് മാറ്റിവച്ചതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 18 ന് വാരണാസിയിലെ താജ് ഹോട്ടലില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ വന്ന വാര്‍ത്തകള്‍. അതിനായി ഹോട്ടല്‍ ബുക്കിംഗും പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിവാഹം മാറ്റിവച്ചതിന് ശേഷം പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബിസിസിഐയുടെ ഷെഡ്യൂള്‍ അനുസരിച്ച്, ഒക്ടോബര്‍ 19 നും നവംബര്‍ 8 നും ഇടയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കാന്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. ഇതിനുശേഷം, ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
27 കാരനായ റിങ്കു സിംഗ് രണ്ട് ഏകദിനങ്ങളും 33 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 മത്സരങ്ങളില്‍ നിന്ന് 7 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 3,336 റണ്‍സ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആര്‍) ഒരു പ്രധാന കളിക്കാരനാണ് റിങ്കു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തുകയായിരുന്നു.
26 കാരിയായ പ്രിയ സരോജ് ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ മച്ച്ലിഷഹറില്‍ നിന്ന് ആദ്യമായി എംപിയായി. ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം. പിതാവ് തുഫാനി സരോജ് കെരകത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍എയാണ്.