നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍. ആന്ധ്ര പ്രദേശിലെ കുര്‍നൂലിലാണ് സംഭവം. മേയ് 18നായിരുന്നു തേജസ്വറും (32), ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ജൂണ്‍ 17ന് തേജസ്വറെ കാണാതായി. ഭാര്യയുടെ പ്രണയബന്ധമാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. തേജസ്വറെ കൊല ചെയ്തതാകാം എന്ന സംശയവും കുടുംബം പങ്കുവച്ചു.
ഐശ്വര്യയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. ഇന്‍ഡോറിലെ രാജ രഘുവന്‍ഷിയുടെ കൊലപാതക വാര്‍ത്തയോട് ഉപമിച്ചാണ് കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തേജസ്വറിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ ഐശ്വര്യയും അമ്മ സുജാതയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
പ്രൈവറ്റ് സര്‍വേയറും നൃത്തധ്യാപകനുമാണ് മരണപ്പെട്ട തേജസ്വര്‍. ബാങ്കുദ്യോഗസ്ഥനായ മറ്റൊരാളുമായി ഐശ്വര്യയ്ക്ക് ബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. തേജസ്വറും ഈ ബാങ്കുദ്യോഗസ്ഥനുമായി ഒരേസമയം ഐശ്വര്യ പ്രണയബന്ധത്തിലായിരുന്നു. രണ്ടുപേരും ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ വീട്ടുകാര്‍ തേജസ്വറുമായി ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ വിവാഹത്തീയതി അടുത്തപ്പോഴേക്ക് ഐശ്വര്യയെ കാണാതായി. ഇതോടെ വിവാഹം മാറ്റിവച്ചു. പിന്നീട് മടങ്ങിയെത്തിയ ഐശ്വര്യ തേജസ്വറെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
എന്നാല്‍ തേജസ്വറിന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹം ഉറപ്പിച്ചശേഷം ഇറങ്ങിപ്പോകുകയും പിന്നീട് വന്ന് വിവാഹത്തിന് സമ്മതമാണെന്നുമൊക്കെ ഐശ്വര്യ പറയുന്നതില്‍ എന്തോ പന്തികേടുണ്ടെന്ന് തേജസ്വറിന്‍റെ വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തേജസ്വര്‍ ഇതിനൊന്നും ചെവികൊടുത്തില്ല. അവന് അവളോട് അത്രയും പ്രേമമായിരുന്നു, ഇപ്പോള്‍ കൊണ്ടുപോയി കൊന്നില്ലേ എന്ന് ചോദിച്ചാണ് തേജസ്വറിന്‍റെ കുടുംബം അലമുറയിടുന്നത്.