ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപിയുടെ ലേഖനം. മോദിയുടെ ഊർജസ്വലതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ടാണെന്ന് ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ പ്രശംസിച്ചു. തരൂർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനിൽക്കെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസും എക്സില്‍ പങ്കുവെച്ചു.
ലക്ഷ്മണ രേഖ ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന ദേശീയ നേതൃത്വത്തിൻരെ മുന്നറിയിപ്പിന് പിന്നാലെയാണ് വീണ്ടും ശശി തരൂരിന്റെ പ്രകോപനം. ദ് ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ തരൂർ മോദിയുടെ പ്രവർത്തന രീതിയെ പുകഴ്ത്തുന്നു. പ്രധാനമന്ത്രിയുടെ ചലനാത്മകതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ടാണ്. മോദിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ വേണം. ലോക നേതാക്കളുമായി ഇടപെടാനുള്ള പ്രധാനമന്ത്രിയുടെ കഴിവും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളിൽ കൃത്യതയോടെ വിശദീകരിക്കാൻ കഴിഞ്ഞുവെന്നും ശശി തരൂര്‍ വിശദീകരിക്കുന്നു. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ റഷ്യയിലുള്ള തരൂർ നേരത്തെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ ശേഷമാണ് വിദേശ പര്യടനത്തിന് പുറപ്പെട്ടത്. പാർട്ടിയെ നിരന്തരം കുഴപ്പിക്കുന്ന പ്രവർത്തക സമിതി അംഗം കൂടിയായ തരൂരിനെ പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമാണ്. എന്നാൽ തരൂരിനെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ല എന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ലേഖനത്തിനോട് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.