ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും ആറാമത്തെ വിമാനവും ഇന്ത്യയിലെത്തി, 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു

Advertisement

ന്യൂഡൽഹി: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഓപ്പറേഷൻ സിന്ധുവിലൂടെ 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു. ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം ഇന്നലെ വൈകിട്ട് 4.30 ഓടെ ഡൽഹിയിൽ എത്തി. വടക്കൻ ഇറാനിലെ മഷ്ഹദിൽ നിന്നാണ് 311 പേരടങ്ങുന്ന സംഘം ഡൽഹിയിൽ മടങ്ങിയെത്തിയത്. വിദ്യാർത്ഥികളും തീർത്ഥയാത്ര പോയവരും ആണ് സംഘത്തിൽ കൂടുതലും ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ദിനേശ് കുർജ്ജനും സംഘത്തിൽ ഉണ്ടായിരുന്നു.

ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയായിരുന്നു ദിനേശ് കുർജ്ജൻ. അഹമ്മദാബാദിൽ ഡിസൈനറായ ദിനേശ് വിനോദയാത്രയുടെ ഭാഗമായിട്ടാണ് ഇറാനിൽ എത്തിയത്. 15 പേരടങ്ങുന്ന ആർക്കിടെക്റ്റുമാരുടെ സംഘം ജൂൺ 11 നാണ് ആർക്കിടെക്ച്ചർ ടൂറിനായി ഇറാനിലെത്തിയത്. ഇന്ന് വൈകിട്ടുള്ള വിമാനത്തിൽ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. തിരിച്ചുവന്നവരില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളാണ്. ഡൽഹി, ഹരിയാന, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, തീര്‍ത്ഥാടകരും ജോലിക്കാരും സംഘത്തിലുണ്ട്. സംഘര്‍ഷമേഖലകളില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ഡൽഹി കേരള ഹൗസില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.

Advertisement