ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ഡൽഹിയിൽ തിരിച്ചെത്തി; ഏറെയും ജമ്മു കശ്മീർ സ്വദേശികൾ; കൂടുതൽ വിമാന സർവീസ് നടത്താമെന്ന് ഇറാൻ
ന്യൂഡൽഹി: ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് വന്നവരിൽ ഏറെയും. അഷ്ഗാബത്തിൽ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകിട്ടോടെയുമാണ് എത്തുക.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധു ദൗത്യത്തിനായി വരുംദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാൻ എംബസി അറിയിച്ചു.
ഇന്നലെ രാത്രി 11.30 ന് ദില്ലിയിലെത്തിയ വിമാനത്തിൽ 290 പേരാണ് തിരിച്ചെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തിൽ 200ൽ അധികം പേരും ഉണ്ടായിരുന്നു. വന്നവരിൽ 190 പേർ ജമ്മു കശ്മീർ സ്വദേശികളാണ്. ഡൽഹി, ഹരിയാന, കർണാടക, ബംഗാൾ സ്വദേശികളാണ് മറ്റുള്ളവർ. ഇന്ത്യൻ പതാക കൈയിലേന്തി ജയ് ഹിന്ദ് മുദ്രാവാക്യം മുഴക്കിയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്. ഇന്ന് വൈകീട്ട് ഒരു വിമാനം കൂടി ഡൽഹിയിൽ എത്തും.