മണിപ്പുരിൽ സുരക്ഷാ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വനിത കൊല്ലപ്പെട്ടു. മെയ്തെയ് കർഷകനെ വെടിവച്ചവരെ കണ്ടെത്താൻ നടത്തിയ തെരച്ചലിനിടെ ആണ് ഏറ്റുമുട്ടൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് മെയ്‌തെയ് കർഷകന് നേരെ അഞ്ജാത സംഘം വെടിയുതിർത്തത്. ബിഷ്ണുപൂർ ജില്ലയിലായിരുന്നു സംഭവം. വെടിയുതിർത്തത് കുക്കികളെന്നാണ് കർഷകർ ആരോപിച്ചത്. പിന്നാലെ അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഗ്രാമമുഖ്യൻറെ പങ്കാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എന്നാൽ ഇക്കാര്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അക്രമം തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പിൽ പ്രതിഷേധിച്ച് ഫുബാലയിൽ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കർഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.