ഹണിട്രാപ്പ് കേസിൽ ഇൻഫ്ലുവൻസർ കീർത്തി അറസ്റ്റിൽ

150
Advertisement

അഹമ്മദാബാദ്: ഹണിട്രാപ്പ് കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് പത്ത് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഇത്രയും കാലം കീർത്തി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കീർത്തി പട്ടേലിനെ അഹമ്മദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിട നിർമ്മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൂററ്റ് പൊലീസ് കഴിഞ്ഞ വർഷം ജൂൺ രണ്ടിന് കീർത്തിക്കും മറ്റ് നാല് പേർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ കീർത്തി മുങ്ങി. എന്നാൽ, മറ്റ് നാല് പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ ശേഷം പ്രതികൾ കെട്ടിട നിർമ്മാതാവിൽ നിന്ന് രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി സൂറത്തിലെ സോൺ-1 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അലോക് കുമാർ പറഞ്ഞു.

നഗരങ്ങൾ മാറി മാറി താമസിച്ചും വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ചുമാണ് കീർത്തി ഒളിവിൽ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സാങ്കേതിക സംഘത്തിന്റെയും സൈബർ വിദഗ്ധരുടെയും സഹായത്തോടെ, അഹമ്മദാബാദിലെ സർഖേജ് പ്രദേശത്തിൽ കീർത്തി ഒളിവിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സൂറത്ത് പൊലീസ് എത്തിയത്.

Advertisement