അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ,കാരണം ഇത്

483
Advertisement

ന്യൂഡെല്‍ഹി. വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ . ജൂലൈ പകുതി വരെ നിയന്ത്രണം തുടർന്നേക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷ പരിശോധനകളും, ഇറാൻ ഇസ്രയേൽ സംഘർഷം കാരണം വ്യോമപാതകളിൽ നേരിടുന്ന തടസവുമാണ് തീരുമാനത്തിന് പിന്നിൽ.

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ ഡിജിസിഎ നിർദേശിച്ച നിർബന്ധിത സുരക്ഷാ പരിശോധന, അന്താരാഷ്ട്ര സംഭവവികാസങ്ങളെ തുടർന്നുള്ള വ്യോമപാത അടയ്ക്കൽ , സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ നടപടി. സർവീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സർവീസുകൾ കൂട്ടത്തോടെ ചുരുക്കിയ സാഹചര്യത്തിൽ, നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബദൽ വിമാന സർവീസ് ഒരുക്കും. അതിനു സാധിച്ചില്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും മടക്കി നൽകും. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ കാരണങ്ങളാൽ 83 അന്താരാഷ്ട്ര വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. അതേസമയം എയർ ഇന്ത്യയുടെ ബോയിങ് 787 ശ്രേണിയിലുള്ള വിമാനങ്ങളിലെ സുരക്ഷാ പരിശോധന ഭൂരിഭാഗവും പൂർത്തിയായതായി കമ്പനി അറിയിച്ചു. 33 ബോയിങ് വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന കഴിഞ്ഞു. ബാക്കിയുള്ളവയുടെ പരിശോധന വരും ദിവസങ്ങളിൽ പൂർത്തിയാക്കും.

Advertisement