കൊച്ചി ടസ്‌കേഴ്‌സിന് ബിസിസി 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

Advertisement

ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഒരു സീസണ്‍ കളിച്ച ടസ്‌കേഴ്‌സിനെ കരാര്‍ ലംഘനം ആരോപിച്ചാണ് 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍നിന്നു പുറത്താക്കിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തര്‍ക്ക പരിഹാര കോടതിയിലെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളില്‍നിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടര്‍ച്ചയാണ് ഈ വിധിയും.
കേരള ടസ്‌കേഴ്‌സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോര്‍ഡംഗങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഐപിഎല്‍ പ്രവേശനത്തിനു ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ആറു മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ, കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോണ്ടേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

Advertisement