ബോയിംഗ് ഡ്രീംലൈനർ എങ്ങനെ അപകടത്തിൽപ്പെട്ടു? ‘റാറ്റ്’ പ്രവർത്തന രീതി ചർച്ചയാവുന്നു, അന്വേഷണ ഫലത്തിനായി കാത്തിരിപ്പ്

Advertisement

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് കഴിഞ്ഞയാഴ്ച അഹമ്മദാബാദിലുണ്ടായത്. 270 പേരോളം ദുരന്തത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകളടക്കം പൂ‍‌ർത്തിയാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ ഏറെ ച‌ർച്ചയാകുന്നത് എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ 787 തകരാനുള്ള കാരണമെന്താണ് എന്നതിനെപ്പറ്റിയുള്ള വാദങ്ങളാണ്. അന്തിമ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും, ഇതിൽ പ്രധാനം റാം എയർ ടർബൈൻ അല്ലെങ്കിൽ റാറ്റ് (RAT System) ഡിപ്ലോ‍യ് ചെയ്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇതു സംബന്ധിച്ച് എഞ്ചിനീയറും മാധ്യമ പ്ര‌വർത്തകനുമായ ജേക്കബ് കെ ഫിലിപ് ഫേസ്ബുക്കിൽ പങ്കുവക്കുന്ന പോസ്റ്റുകളും വലിയ ശ്രദ്ധ നേടുന്നുണ്ട്. ‌റാറ്റ് വിമാനങ്ങളിൽ എപ്പോഴൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന് ഈ പോസ്റ്റിൽ വിശദീകരിക്കുന്നു.

ജേക്കബ് കെ ഫിലിപ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:

ജൂൺ 12നുണ്ടായ അപകടത്തിന്റെ പുറത്തു വരുന്ന ദൃശ്യങ്ങളിലും ശബ്ദങ്ങളിലും റാം എയർ ടർബൈൻ അല്ലെങ്കിൽ റാറ്റ് ഡിപ്ലോ‍യ് ചെയ്തിട്ടുണ്ടെന്ന് മനസിലാകുന്നുവെന്നാണ് വിദ​ഗ്ദ‌ർ പറയുന്നത്. വിമാനത്തിലെ എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തന രഹിതമാകുമ്പോൾ മാത്രമാണ് റാറ്റ് പ്രവ‌ർത്തിക്കുന്നത്. വിമാനത്തിന്റെ താഴ ഭാ​ഗത്ത് ഒരു ചെറിയ പ്രൊപ്പല്ലർ പോലെയാണ് ഇത് കാണാനാകുക. ഡ്രീംലൈന‌ർ ഉ‌യർന്നു പൊങ്ങി 32 സെക്കൻഡുകൾ കഴിഞ്ഞപ്പോൾ തന്നെ റാറ്റ് പ്രവ‌ർത്തനക്ഷമമായി എന്നാണ് കണ്ടെത്തൽ.

ഇത് കൂടാതെ യാത്രികരിൽ അതിജീവിച്ച ഒരേയൊരാൾ, രമേഷ് പറയുന്നത് വിമാനം തക‌ർന്നു വീഴുന്നതിനു മുൻപ് അസഹനീയമാം വിധമുള്ള ഒരു ഇരമ്പൽ കേട്ടിരുന്നു എന്നാണ്. അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കാനായി റാറ്റ് ഉപയോ​ഗിക്കുന്നത് വിൻഡ് സ്പീഡ് ആണ്. റാറ്റ് പ്രവ‌‌‌ർത്തനക്ഷമമാകുന്നത് മൂന്ന് സന്ദ‌ർഭങ്ങളിലാണ്. ഡബിൾ എഞ്ചിൻ തകരാറാണ് ഇതിൽ ആദ്യത്തേത്. ഇതു കൂടാതെ പൂർണ്ണമായ ഇലക്ട്രോണിക് തകരാറുകൾ, അതല്ലെങ്കിൽ ഹൈഡ്രോളിക് തകരാറുകൾ വരുമ്പോഴും റാറ്റ് ഡിപ്ലോയ് ചെയ്യാറുണ്ട്. ഇത്തരം സന്ദ‌ർഭങ്ങളിൽ ആരും കൺട്രോൾ ചെയ്യാതെ, വളരെ സ്വാഭാവികമായി റാറ്റ് പ്രവർത്തനക്ഷമമാകും.

അപകടം നടന്ന ആദ്യ ദിവസം തന്നെ പക്ഷികൾ ഒരേ സമയം രണ്ട് എഞ്ചിനുകളിലും ഇടിക്കുക അസാധ്യമാണെന്നും ആ സാധ്യത തള്ളിക്കളയേണ്ടതാണെന്നും ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന പൈലറ്റും വ്യോമയാന വിദഗ്ധനുമായ ക്യാപ്റ്റൻ എഹ്സാൻ ഖാലിദ് പ്രതികരിച്ചിരുന്നു. ഇത് കൂടാതെ റൺവേയിൽ പക്ഷികളുടെ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്താത്തതും, എഞ്ചിനുകൾക്കു ചുറ്റും തീയോ പുകയോ കാണാതിരുന്നതും ഈ സാധ്യത മുഴുവനായി തള്ളാനുള്ള കാരണമായി.

ഇപ്പോഴും വിമാനമെങ്ങനെയാണ് തകർന്നതെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എയർ ഇന്ത്യ, ബോയിങ്, വ്യോമയാന മന്ത്രാലയം തുടങ്ങിയ മുൻനിരയുടെ അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതോടുകൂടി വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement