ന്യൂഡെല്‍ഹി. ഹജ്ജ് തീർത്ഥാടകരുമായി ലക്നൗവിൽ ഇറങ്ങിയ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ചക്രത്തിന്റെ ഭാഗത്തുനിന്ന് പുകയും തീപ്പൊരിയും ഉണ്ടായി. വിമാനത്തിൽ ഉണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതർ. അഗ്നി രക്ഷ സേന എത്തിയാണ് തീ അണച്ചത്.അതിനിടെ ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഹോങ്കോങ്ങിൽ തിരിച്ചിറക്കി.
അഹമ്മദാബാദ് വിമാന അപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം കരകയറും മുൻപ് വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നത് വീണ്ടും ആശങ്കയുണ്ടാക്കുന്നു.250 പേരുമായാണ് ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് എസ്.വി.-312 വിമാനം ഇന്നലെ രാവിലെ 6:30ന് ലക്നൗവിൽ ലാൻഡ് ചെയ്തത്.ചൗധരി ചരൺ സിങ് വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ഇടതുവശത്തെ ചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് വിവരം ATC ക്ക് കൈമാറി.വിമാനം നിർത്തിയ ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചു. എയർക്രാഫ്റ്റ് റെസ്ക്യൂ ഫയർ ഫൈറ്റിംഗ് സംഘമെത്തിയാണ് തീ അണച്ചത്. 20 മിനിറ്റോളം തീ അണയ്ക്കുവാനുള്ള ശ്രമങ്ങൾ നീണ്ടുനിന്നു.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോങ്കങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനത്തിലും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ബോയിങ് 787 ഡ്രീം ലൈനർ ശ്രേണിയിൽപ്പെട്ട AI 315 വിമാനത്തിലാണ് യാത്രാമധ്യേ സാങ്കേതിക തകരാർ ഉണ്ടായത്. പ്രശ്നം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം ഹോങ്കോങ്ങിൽ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം നേരിട്ട് സാങ്കേതിക തകരാർ എന്താണ് എന്നതിൽ വ്യക്തതയില്ല. ബോയിങ് 787 യിൽപ്പെട്ട വിമാനങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്ന് നിർദ്ദേശം ഡിജിസിയെ നേരത്തെ നൽകിയിരുന്നു.






































