അഹമ്മദാബാദ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും

211
Advertisement

അഹമ്മദാബാദ്: ∙അഹമ്മദാബാദിൽ ആകാശ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി പറഞ്ഞു. മലയാളി പുല്ലാട് സ്വദേശി നഴ്സ് മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരാണ് മരിച്ചത്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.

പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു.

വിമാനം തകർന്ന് വീണ മെഡിക്കൽ ഹോസ്റ്റലിൽ 400ലധികം പേരുണ്ടായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്നു അഞ്ച് പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇവരിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഉച്ചയൂണിൻറെ സമയമായിരുന്നതിനാൽ കൂടുതൽ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിൻറെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയർ ഫോഴ്സും പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസം നേരിട്ടു. മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.

Advertisement