‘കാന്താര 2’ സിനിമയുടെ സെറ്റില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. മലയാളി നടനും മിമിക്രി താരവുമായ കലാഭവന്‍ നിജു (45) ആണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. കാന്താര 2ന്റെ ബെംഗളൂരുവിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന തുടര്‍ന്ന് പുലര്‍ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കലാഭവന്‍ നിജു തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ്. ഓഡിഷന്‍ വഴിയാണ് ഈ സിനിമയില്‍ നിജുവിന് അവസരം ലഭിക്കുന്നത്. 25 വര്‍ഷമായി മലയാള മിമിക്രി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. കലാഭവനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് ഈ അടുത്ത കാലത്താണ്. ചെറിയ ചെറിയ സിനിമകളില്‍ വേഷമിട്ട് തുടങ്ങിയ നിജുവിന് ശ്രദ്ധേയ വേഷം ലഭിക്കുന്നത് ‘മാളികപ്പുറം’ എന്ന ഉണ്ണിമുകുന്ദന്‍ സിനിമയിലൂടെ ആയിരുന്നു. തുടര്‍ന്ന് ഉണ്ണിമുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ എന്ന ചിത്രത്തിലും വേഷമിട്ടു. മുന്‍നിര മിമിക്രി കലാവേദികളുടെ ഭാഗമായി നിരവധി വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഋഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് നിജു. മേയില്‍ സിനിമയുടെ കൊല്ലൂരിലെ സൈറ്റിലുണ്ടായ അപകടത്തില്‍ വൈക്കം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം എഫ് കബില്‍ മുങ്ങിമരിച്ചിരുന്നു. ഷൂട്ടിങ് ഇടവേളയില്‍ പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കന്നഡയിലെ പ്രമുഖ ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയാഘാതത്തെ തുടര്‍ന്ന് സെറ്റില്‍ മരണപ്പെട്ടിരുന്നു.