ഡൽഹി. ദ്വാരകയിൽ പാർപ്പിട സമുച്ചയത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനും മക്കളുമാണ് മരിച്ചത്.
ദ്വാരക സെക്ടർ പതിമൂന്നിൽ രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തം. കെട്ടിടത്തിൻറെ ഏഴാം നിലയിലാണ് തിപിടിച്ചത്. പുക ഉയരുന്നത് കണ്ട് ഭയന്ന് കുട്ടികളാണ് ആദ്യം താഴേക്ക് ചാടിയത്. പിന്നാലെ അച്ചനും ചാടി. 35കാരനായ യാഷ് യാദവും, പത്ത് വയസുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് അഗ്നിരക്ഷ യൂണിറ്റ് എത്തിയാണ് കെട്ടിടത്തിലെ തീകെടുത്തിയത്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ കെട്ടിടത്തിൻറെ ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചു. മറ്റ് താമസക്കാരെയും ഒഴിപ്പിച്ചു. കെട്ടിടത്തിൻറെ സ്ഥിരത പരിശോധിക്കാൻ ഡൽഹി ഡവലെപ്മെൻറ് അതോറിറ്റിയെ മുൻസിപ്പൽ കോർപറേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല.