ആൽവാർ: പ്രസവം നിർത്താൻ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ ഐസിയുവിൽ പീഡനത്തിനിരയാക്കിയെന്ന് പരാതി. രാജസ്ഥാനിലെ ആൽവാറിലെ ഇ.എസ്.ഐ.സി മെഡിക്കൽ കോളേജിലാണ് സംഭവം. സർജിക്കൽ മെഡിക്കൽ ഐസിയുവിൽ വെച്ച് 32 വയസ്സുള്ള സ്ത്രീയെ നഴ്‌സിംഗ് ജീവനക്കാരൻ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പൊലീസ് നടപടിയും ആശുപത്രിതല അന്വേഷണവും ആരംഭിച്ചു. പ്രതിയായ സുഭാഷ് ഘിതാലയെ (30) ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടർക്കും ജീവനക്കാർക്കും രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ട് ഭരണകൂടം നോട്ടീസ് നൽകിയിട്ടുണ്ട്.
അന്വേഷണം നടത്താൻ കമ്മിറ്റി രൂപീകരിച്ചു. ജൂൺ രണ്ടിനാണ് ട്യൂബെക്ടമി ശസ്ത്രക്രിയയ്ക്കായി യുവതിയെ പ്രവേശിപ്പിച്ചത്. ജൂൺ നാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം അവരെ ഐസിയുവിലേക്ക് മാറ്റി. രാത്രി 11 മണിയോടെ ഗാർഡ് തന്നോട് പുറത്ത് കാത്തിരിക്കാൻ പറഞ്ഞതായി ഭർത്താവ് പരാതിയിൽ ആരോപിച്ചു. പുലർച്ചെ 1.30 നും 2.30 നും ഇടയിൽ ഗാർഡും പുരുഷ ജീവനക്കാരനും ഭാര്യക്ക് കുത്തിവയ്പ്പിന്റെ പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും അറിയിച്ചു. യുവതിയെ കിടക്കാൻ സഹായിച്ച ശേഷം ഭർത്താവിനോട് പോകാൻ ആവശ്യപ്പെട്ടു.
ജൂൺ അഞ്ചിന്, സ്ത്രീ ബോധം വീണ്ടെടുത്തപ്പോൾ രാത്രിയിൽ പുരുഷ ജീവനക്കാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഭർത്താവിനോട് പറഞ്ഞു. ഉടൻ തന്നെ ഭർത്താവ് പൊലീസിനെ സമീപിച്ചു. അടുത്ത ദിവസം, സ്ത്രീ തന്റെ അറ്റൻഡിംഗ് ഡോക്ടറായ ഡോ. ദീപികയെ വിവരം അറിയിച്ചു. ദീപിക ആരോപണ വിധേയനായ നഴ്സിങ് സ്റ്റാഫിനെ ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്എച്ച്ഒ അജിത് ബദ്സാര സ്ഥിരീകരിച്ചു.