വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂർ എന്ന നാമം ഇന്ത്യ സമർത്ഥമായി നൽകിയതാണെന്ന് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തുന്നതിനിടയിലാണ് തരൂരിൻറെ വിശദീകരണം. യുഎസിലെ നാഷണൽ പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെ പറ്റിയുള്ള ചോദ്യം ഉയർന്നത്. അതിന് ഉത്തരം നൽകുകയായിരുന്നു പ്രതിനിധി സംഘത്തിൻറെ തലവൻ കൂടിയായ ശശി തരൂർ.
‘സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിൻറെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ സീമന്തരേഖയുടെ മധ്യഭാഗത്തായാണ് ഇത് ചാർത്തുന്നത്. ഹിന്ദുവിഭാഗത്തിൽ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്ല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടൽ കല്ല്യാണം കഴിഞ്ഞ ദിവസം മുതൽ സ്ത്രീകൾ തുടരുന്നു. പഹൽഗാമിൽ തീവ്രവാദികൾ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ്. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരം’ എന്നും ശശി തരൂർ പറഞ്ഞു.
33 രാജ്യങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ വിവരിക്കുന്നതിൻറെ ഭാഗമായി സന്ദർശനം നടത്തുന്ന പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോർട്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിൻറെ ചുമതല.
ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം പരിഗണനയിൽ ഉണ്ടെന്നും വാർത്തകളുണ്ട്. ഈ മാസം 16 ന് കേന്ദ്ര സർക്കാർ സമ്മേളനം വിളിക്കും എന്നാണ് റിപ്പോർട്ട്. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്ന നിലയിലായിരിക്കും പ്രത്യേക പാർലമെൻറ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ കോൺഗ്രസിനെതിരെ കടുപ്പിച്ച് ബി ജെ പി രംഗത്തെത്തി. ലോകം മുഴുവൻ ഇന്ത്യയെ പുകഴ്ത്തുമ്പോഴും കോൺഗ്രസ്, പാക്കിസ്ഥാൻ വക്താക്കളെപോലെ പ്രവർത്തിക്കുന്നുവെന്ന് ബി ജെ പി നേതാവ് തരുൺ ചുഗ് അഭിപ്രായപ്പെട്ടു. എതിരാളികളെ എങ്ങനെ നേരിടണമെന്ന് കോൺഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും 2004 മുതൽ 2014 വരെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കാത്ത സർക്കാറിനെ രാജ്യം കണ്ടതാണെന്നും ചുഗ് വിമർശിച്ചു. കോൺഗ്രസ് സൈനിക നടപടിയിൽ ചോദ്യങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി ബി ജെ പി നേതാക്കളും രംഗത്തെത്തുന്നത്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻറെ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു. നരേന്ദ്ര മോദി സർക്കാർ സത്യം മൂടി വച്ചെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. പാർലമെൻറ് വിളിച്ച് യഥാർത്ഥ വിവരങ്ങൾ വിശദീകരിക്കാൻ സർക്കാരിന് കഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ സി ഡി എസിൻറെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിൻറെ മൗനം തുടരുകയാണ്. ഇന്ത്യയ്ക്ക് യുദ്ധ വിമാനങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന സൂചന നല്കി ഇന്നലെ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വാർത്താ ഏജൻസിയോട് സംസാരിച്ചത് പല ചോദ്യങ്ങൾക്കും ഇടയാക്കുകയാണ്. നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് ഡി ജി എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ കെ ഭാരതി നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ നഷ്ടം എന്തെന്ന് വിശദീകരിച്ചിരുന്നില്ല. ഇന്ത്യയിലെ മാധ്യമങ്ങളോടും സർവ്വകക്ഷി യോഗത്തിലും ഇക്കാര്യം വിശദീകരിക്കാതെ വിദേശ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത് എന്തിനെന്നാണ് ചോദ്യം. പാകിസ്ഥാൻ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങൾ തകർത്തു എന്ന് പ്രചരിപ്പിക്കുന്നത് കളവാണെന്ന് ജനറൽ ചൗഹാൻ ഇന്നലത്തെ അഭിമുഖത്തിൽ തന്നെ പറയുന്നുണ്ട്. അങ്ങനെ എങ്കിൽ തുടക്കത്തിലുണ്ടായി തന്ത്രപരമായ പിഴവ് എന്തായിരുന്നു വിമാനം എങ്ങനെ വീണു എന്ന സംശയങ്ങളും ഉയരുന്നു.
ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ചോദ്യം സ്ഥിരമായി രാഹുൽ ഗാന്ധി ചോദിക്കുന്നുണ്ടായിരുന്നു. സേനകൾ ധീരമായി ഓപ്പറേഷൻ പൂർത്തിയാക്കിയെങ്കിലും വസ്തുതകൾ വിശദീകരിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കി. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണം എന്ന ആവശ്യം ശക്തമാക്കാനും സി ഡി എസിൻറെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കുകയാണ്. പാകിസ്ഥാനുമായി നടന്ന സംഘർഷത്തിൻറെ വസ്തുതകൾ വിദേശത്തല്ല പാർലമെൻറിലാണ് സർക്കാർ വിശദീകരിക്കേണ്ടത് എന്ന് തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ് പറഞ്ഞു. ജനറൽ ചൗഹാൻ സൈന്യത്തിൻറെ കാഴ്ചപ്പാടാണ് വിശദീകരിച്ചതെന്നും എന്നാൽ പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.































