അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമം: പ്രതിയ്ക്ക്‌ ജീവപര്യന്തം

Advertisement

ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജ്ഞാനശേഖറിന് ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ചു. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. കുറ്റവാളി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയണമെന്ന് ജഡ്ജി എം രാജലക്ഷ്മി പറഞ്ഞു.
ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ ചുമത്തിയിട്ടുള്ള 11 കുറ്റങ്ങളിലും ജ്ഞാനശേഖരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ 29 സാക്ഷികള്‍ മൊഴി നല്‍കി, പൊലീസ് 100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
പ്രായമായ അമ്മയെയും എട്ട് വയസുള്ള മകളെയും നോക്കണമെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയ്ക്ക് വേണ്ടി പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ വാദത്തെ തള്ളി പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ജഡ്ജി പറഞ്ഞു.

2024 ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. ക്യാമ്പസില്‍ ആണ്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരന്‍ പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി സര്‍വകലാശാല അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Advertisement