വിവാഹ സമ്മാനമായി ലഭിച്ച പൊതി തുറന്നപ്പോൾ ബോംബ് പൊട്ടിത്തെറിച്ചു: നവവരനും ബന്ധുവും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാളിന് ജീവപര്യന്തം തടവ്

1467
Advertisement

ഭുവനേശ്വര്‍: വിവാഹ സമ്മാനമായി എത്തിയ ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാളിന് ജീവപര്യന്തം തടവ് ശിക്ഷ. ഒഡീഷയിലെ ബൊളാങ്കീര്‍ ജില്ലയിലെ പട്‌നഗഡിയിലെ ജ്യോതി വികാസ് ജൂനിയര്‍ കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന പുഞ്ചിലാല്‍ മെഹറിനാണ് പട്‌നഗഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരിയില്‍ നടന്ന സ്‌ഫോടനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൗമ്യശേഖര്‍ സാഹുവും ബന്ധു ജെമാമണി സാഹുവുമാണ് കൊല്ലപ്പെട്ടത്.

സൗമ്യശേഖറിന്റെ അമ്മയോടുളള പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഞ്ചിലാല്‍ മെഹറിന് പകരം കോളേജില്‍ പ്രിന്‍സിപ്പാളായി നിയമനം ലഭിച്ചത് സൗമ്യശേഖര്‍ സാഹുവിന്റെ അമ്മയ്ക്കായിരുന്നു. സംഭവം ഹീനമായ കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിക്ക് അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ കേസിനെ വധശിക്ഷ ലഭിക്കാവുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2018 ഫെബ്രുവരി 23-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൗമ്യശേഖര്‍ സാഹുവിന്റെയും റീമയുടെയും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം അവരുടെ വീട്ടിലേക്ക് ഒരു പാര്‍സല്‍ ലഭിച്ചു. വിവാഹസമ്മാനമാണെന്ന് കരുതി സാഹു പാര്‍സല്‍ തുറന്നതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ സൗമ്യശേഖറും ബന്ധുവും കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ സൗമ്യശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
യൂട്യൂബില്‍ വീഡിയോ കണ്ടാണ് പുഞ്ചിലാല്‍ ബോംബ് നിര്‍മ്മിച്ചത്.

Advertisement