കമല്‍ ഹാസന്‍ കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തം

376
Advertisement

തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദം. മണിരത്നം – കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിന്റെ പ്രമോഷന്‍ പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം. ‘നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്’ എന്ന കമലിന്റെ നിലപാടിനെതിരെ കന്നഡ സംഘടനകളും കര്‍ണാടക ബിജെപി നേതാക്കളും രംഗത്തെത്തി.
കമല്‍ ഹാസനെതിരെ കന്നഡ അനുകൂല സംഘടനകള്‍ ബംഗളൂരുവില്‍ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ കീറിക്കൊണ്ട് പ്രതിഷേധിച്ചു. കമല്‍ ഹാസന്‍ നടത്തിയത് നിലവാരമില്ലാത്ത പ്രതികരണമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി. കമല്‍ ഹാസന്‍ കന്നഡയെ അപമാനിച്ചു. നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി കന്നഡയെ ഇകഴ്ത്തി സംസാരിച്ച കമല്‍ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കമല്‍ ഹാസനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. കമല്‍ ഹാസന് കന്നഡയുടെ ചരിത്രത്തെ കുറിച്ച് ബോധ്യമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ‘കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമല്‍ ഹാസന് അതറിയില്ല’. എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ വാക്കുകള്‍.
കമല്‍ ഹാസന്റെ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തി. ‘കന്നഡയ്ക്കും കന്നഡിഗര്‍ക്കുമെതിരെ സംസാരിച്ചാല്‍ സിനിമ നിരോധിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു,’ എന്ന് കര്‍ണാടക രക്ഷണ വേദി നേതാവ് പ്രവീണ്‍ ഷെട്ടി പ്രതികരിച്ചു.

Advertisement