ബെംഗളൂരു: തിരക്കേറിയ റോഡിൽ ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം. കർണാടകയിലെ ബെംഗളൂരു നഗരത്തിലെ ട്രിനിറ്റി റോഡിൽ തുറന്നിട്ടിരിക്കുന്ന കാറിന്റെ സൺറൂഫിൽ വച്ചാണ് കമിതാക്കൾ ചുംബിച്ചത്. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള കാറിലാണ് കമിതാക്കളുടെ പരസ്യ പ്രണയ രംഗങ്ങൾ. കർണാടക പോർട്ട്‌ഫോളിയോ എന്ന എക്‌സ് അക്കൌണ്ടിലാണ് വീഡിയോ പങ്കുവെച്ചത്.
കമിതാക്കളുടെ പെരുമാറ്റം ഗതാഗത നിയമങ്ങളുടെയും പൊതു മര്യാദയുടെയും വ്യക്തമായ ലംഘനമാണെന്നും റോഡിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്ക് ഇത് ഗുരുതരമായ ഭീഷണിയാണെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹലാസുരു ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഭവം നടന്നതെന്നും വീഡിയോയുടെ കുറിപ്പ് വിശദമാക്കുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധിക്കുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ മാറുന്നത് വരെ വലിയ അപകടം വിളിച്ചുവരുത്തുമെന്ന് ഇരിക്കെയാണ് കമിതാക്കളുടെ അശ്രദ്ധമായ പെരുമാറ്റമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.
വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പങ്കുവച്ച് വീഡിയോ ബെംഗളൂരു സിറ്റി പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുമായി വീഡിയോ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമിതാക്കകളുടെ പെരുമാറ്റം അനുചിതവും അപകടകരവുമാണെന്ന് നെറ്റിസൺമാർ വിമർശിക്കുന്നത്.