മോഹന്‍ലാല്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന വിഷ്ണു മഞ്ചു നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് തെലുങ്ക് ചിത്രമാണ് ‘കണ്ണപ്പ’. മോഹന്‍ലാല്‍ ചിത്രത്തില്‍ കിരാത എന്ന റോളിലാണ് പ്രത്യക്ഷപ്പെടുന്നത്്. ഇപ്പോഴിതാ സിനിമയുടെ സുപ്രധാന സീനുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിരിക്കുകയാണ്. മുംബൈയില്‍ നിന്ന് സിനിമയുടെ വിഎഫ്എക്‌സ് അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയര്‍ വഴി അയച്ചിരുന്നു. ഈ ഹാര്‍ഡ് ഡ്രൈവ് ഓഫീസ് ബോയ് കൈ പറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിനിമയുടെ നിര്‍മാതാവ് ഫിലിം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ട്. മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നേരത്തെ സിനിമയിലെ പ്രഭാസിന്റെ ലുക്കും ഔദ്യോഗികമായി പുറത്തു വിടുന്നതിന് മുന്നേ ചോര്‍ന്നിരുന്നു. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്.