മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു

Advertisement

മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ(Achal Jewels Pvt Ltd) വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികള്‍ ഇറങ്ങിയത്. നാല് പപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് തൊഴിലാളികളുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.
സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തരികള്‍ വേര്‍തിരിച്ചെടുക്കാന്‍ 10 അടി ആഴമുള്ള ടാങ്കിലേയ്ക്കാണ് എട്ട് തൊഴിലാളികള്‍ ഇറങ്ങിയത്. തിങ്കളാഴ്ചയാണ് സംഭവം. അരുണ്‍കുമാര്‍ കോത്താരി എന്ന് പറഞ്ഞയാളാണ് അചല്‍ ജുവല്‍സ് നടത്തുന്നത്. ആഭരണ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
രാസ അവശിഷ്ടങ്ങളും സ്വര്‍ണ, വെള്ളി തരികളും അടിഞ്ഞു കൂടിയ ഏകദേശം 10 അടി ആഴമുള്ള ടാങ്കില്‍ കയറിയ ശേഷം ഒരു തൊഴിലാളി ആദ്യം ബോധം കെട്ടു. തുടര്‍ന്ന് മറ്റുള്ളവര്‍ അയാളെ രക്ഷിക്കുന്നതിനിടെയാണ് വിഷപ്പുക ശ്വസിച്ചത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം ഇവിടെയെത്തി പരിശോധന നടത്തി. പ്രത്യേക തരം വിഷ വാതകം ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. ശക്തമായ ദുര്‍ഗന്ധം കാരണം ശുചീകരണ തൊഴിലാളികള്‍ ആദ്യം ടാങ്കില്‍ കയറാന്‍ വിസമ്മതിച്ചു. പിന്നീട് പതിവ് വേതനത്തിനപ്പുറം അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജോലി എടുക്കാന്‍ കമ്പനി പ്രേരിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.

Advertisement