ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിന് കീഴിലുള്ള ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷന് (AWWA) ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടിയും പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയുമായ പ്രീതി സിന്‍റ. സംഭാവന നല്‍കിയതോടൊപ്പം ചടങ്ങിൽ നിന്നുള്ള വൈകാരിക ദൃശ്യങ്ങളും കുറിപ്പും അവര്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രീതി സിന്‍റ കുറിച്ചു, ‘നമ്മുടെ രാജ്യം സുരക്ഷിതമായ കൈകളിലാണ്’.
സൈനിക കുടുംബങ്ങളെ അഭിസംബോധന ചെയ്യുന്നതും അവരുമായി സംവദിക്കുന്നതും വിഡിയോയും പ്രീതി സിന്‍റ പങ്കുവച്ചിട്ടുണ്ട്. ‘ധീരന്മാരാണ് നമ്മുടെ സൈന്യം. എന്നാല്‍ അതിനേക്കാൾ ധീരരാണ് അവരുടെ കുടുംബാംഗങ്ങള്‍. ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വളരെ ചെറിയൊരു സംഭാവന മാത്രമാണ്’ പ്രീതി സിന്‍റ ചടങ്ങില്‍ പറഞ്ഞു.