ബോളിവുഡ് നടന്‍ മുകുള്‍ ദേവ് (54) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്ന മുകുളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുകുളിന്റെ സഹോദരനും നടനുമായ രാഹുല്‍ ദേവ് ആണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. 2022 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം അന്ത് ദ് എന്‍ഡ് എന്ന ചിത്രത്തിലാണ് മുകുള്‍ അവസാനമായി അഭിനയിച്ചത്. 1996 ല്‍ മുംകിന്‍ എന്ന പരമ്പരയിലൂടെയാണ് മുകുള്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പൃഥ്വിരാജും പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളായെത്തിയ മൈ സ്റ്റോറിയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പിന്നീട് അദ്ദേഹം ദൂരദര്‍ശന്റെ ഏക് സേ ബദ് കര്‍ ഏക് എന്ന ബോളിവുഡ് കൗണ്ട്ഡൗണ്‍ കോമഡി ഷോയുടെ ഭാ?ഗമായി. ഫിയര്‍ ഫാക്ടര്‍ ഇന്ത്യയുടെ ആദ്യ സീസണിന്റെ അവതാരകനും ആയിരുന്നു. ദസ്തക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ മുകുളിന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്‍ ഓഫ് സര്‍ദാര്‍, ആര്‍ രാജ്കുമാര്‍, ജയ് ഹോ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന്‍ സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിയില്‍ മൈക്കല്‍ ജാക്സണായി വേഷമിട്ടാണ് മുകുള്‍ ദേവ് ആദ്യമായി പൊതുവേദിയില്‍ എത്തുന്നത്. തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബെയര്‍ഫൂട്ട് വാരിയേഴ്സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം കൈകാര്യംചെയ്തു. പൈലറ്റായും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുകുളിന്റെ സഹോദരന്‍ രാഹുല്‍ ദേവ് മലയാളത്തിലടക്കം വില്ലന്‍ വേഷങ്ങളിലെത്തിയിട്ടുണ്ട്.