ചിപ്സ് മോഷ്ടിച്ചെന്നാരോപിച്ച് വ്യാപാരി പരസ്യമായി മര്‍ദിച്ചതിന് പിന്നാലെ 12കാരന്‍ ജീവനൊടുക്കി

653
Advertisement

ചിപ്സ് മോഷ്ടിച്ചെന്നാരോപിച്ച് വ്യാപാരി പരസ്യമായി മര്‍ദിച്ചതിന് പിന്നാലെ 12കാരന്‍ ജീവനൊടുക്കി. ബംഗാളിലെ പശ്ചിം മേദിനിപ്പൂര്‍ ജില്ലയിലാണ് സംഭവം. കൃഷ്ണേന്ദു ദാസ് എന്ന ഏഴുവയസുകാരനാണ് മരിച്ചത്.

ചിപ്സ് വാങ്ങാനായി കൃഷ്ണേന്ദു ദാസ് വീടിനടുത്തുള്ള കടയില്‍ എത്തിയ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. കടക്കാരനെ കുട്ടി പലതവണ വിളിച്ചെങ്കിലും പുറത്തുവന്നില്ല . പിന്നീട് പണം കൊടുക്കാമെന്ന് ഉറപ്പിച്ച് കുട്ടി കടയില്‍ നിന്ന് ചിപ്സിന്‍റെ പായ്ക്കറ്റ് എടുത്ത് വീട്ടിലേക്ക് മടങ്ങിാനൊരുങ്ങി . ഈ സമയം കടക്കാരന്‍ അവിടെ എത്തുകയും ഉപ്പേരി മോഷ്ടിച്ചെന്ന് ആരോപിച്ച് അയാള്‍ കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു.


അവിടെയും അവസാനിച്ചില്ല. ശിക്ഷയായി പൊതുജനമധ്യത്തില്‍ കുട്ടിയെ ഏത്തമിടീക്കുകയും ചെയ്തു. വിവരമറിഞ്ഞ് കുട്ടിയുടെ അമ്മ സ്ഥലത്തെത്തി. താന്‍ മോഷ്ടിച്ചിട്ടില്ലെന്നും കടക്കാരനെ കാണുമ്പോള്‍ പണം കൊടുക്കാമെന്ന് കരുതി ചിപ്സ് പായ്ക്കറ്റ് എടുത്തതാണെന്നും അവന്‍ ആണയിട്ടു. പക്ഷേ അമ്മയും അത് ചെവിക്കൊണ്ടില്ല . ജനമധ്യത്തില്‍ വച്ച് അവരും കുട്ടിയെ ശകാരിച്ചു.

തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മുറിയില്‍ കയറി വാതില്‍ അടച്ചു. ഏറെ നേരം കഴിഞ്ഞും പുറത്ത് വരാത്തതിനെ തുടര്‍ന്ന് മുറി ബലമായി തുറന്നപ്പോള്‍ കൃഷ്ണേന്ദുവിനെ ബോധരഹിതനായി കണ്ടു. തന്നെ കള്ളനാക്കിയതിന്‍റെ മനോവ്യഥയില്‍ അവന്‍ കീടനാശിനി കഴിക്കുകയായിരുന്നു. ഉടന്‍ അശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമത്തിനകം മരണമടഞ്ഞു. മുറിയില്‍ നിന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. താന്‍ ചിപ്സ് മോഷ്ടിച്ചിട്ടില്ലെന്നും പിന്നീട് പണം കൊടുക്കാമെന്ന് കരുതി എടുത്തതാണെന്നും കുറിപ്പിലുണ്ടായിരുന്നു. സംഭവം കേസായതോടെ കുട്ടിയെ മര്‍ദിച്ച കടക്കാരന്‍ ഒളിവിലാണ്.

Advertisement