ജയ്‌പൂർ: ജമ്മുകാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്‌കളങ്കരായ 26 പേർ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇപ്പോഴും ഇന്ത്യക്കാരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ തീവ്രവാദികളാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യാ- പാക് സംഘർഷത്തിന് പിന്നാലെ മൈസൂർ പാക്കിന്റെ പേര് മാറ്റി മൈസൂർ ശ്രീ എന്നാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂരിലെ കടയുടമകൾ. മധുരപലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേർത്തതായും കടയുടമകൾ പറയുന്നു.
മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരിൽനിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കി.
പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. കന്നഡയിൽ മധുരത്തിന് പാക്ക് എന്നാണ് അർഥമാക്കുന്നത്. കർണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂർ പാക്ക് അറിയപ്പെട്ടിരുന്നത്.
ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള മൈസൂർ പാക്ക് കർണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.