സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

185
Advertisement

നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായിരിക്കുന്നത്.
ജിതേന്ദ്ര കുമാര്‍ സിങ്(23), ഇഷ ഛബ്ര(32) എന്നിവരാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. രാവിലെ മുതല്‍ ജിതേന്ദ്രകുമാര്‍ സിങ് നടന്റെ വീടിന്റെ പരിസരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. നടന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരന്‍ ഇയാളോട് വീടിന്റെ പരിസരത്ത് നിന്നും മാറി പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതി പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി നിലത്തടിച്ചു പൊട്ടിച്ചു.
എന്നാല്‍ വൈകിട്ട് വീണ്ടും അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തിയപ്പോഴാണ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചത്. നടനെ കാണാന്‍ ആഗ്രഹം ഉള്ളതുകൊണ്ടാണ് അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഈ സംഭവം നടന്നതിന് പിറ്റേ ദിവസമാണ് ഛബ്ര അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയത്. അപ്പാര്‍ട്്മെന്റിന്റെ ലിഫ്റ്റിന് സമീപം വരെ എത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ബിഷ്ണോയി സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ സല്‍മാഖാന്‍ താമസിക്കുന്ന ഗ്യാലക്സി അപ്പാര്‍ട്മെന്റിന് പുറത്ത് വെടിയുതിര്‍ത്തിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘം ഇല്ലാതാക്കാന്‍ പദ്ധതിയിട്ട 10 പ്രധാനപ്പെട്ടവരുടെ പട്ടികയില്‍ സല്‍മാന്‍ഖാനുമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. നടന്റെ വീടിന് പുറത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement