ഗുജറാത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധന. 16-ാമത് സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 891 സിംഹങ്ങളുണ്ട്. ഇതില്‍ 196 എണ്ണം മുതിര്‍ന്ന ആണ്‍ സിംഹങ്ങളാണ്. 2020ല്‍ 674 സിംഹങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 217 എണ്ണത്തിന്റെ വര്‍ധന. 2015ല്‍ 523 സിംഹങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് സിംഹങ്ങളുടെ സെന്‍സസ് നടത്തുന്നത്. പ്രോജക്ട് ലയണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വിജയമാണ് ഈ വര്‍ധന കാണിക്കുന്നത്. നേരത്തെ ഗിര്‍ ദേശീയോദ്യാനത്തില്‍ മാത്രം കണ്ടിരുന്ന ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ വ്യവസ്ഥ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായും കണക്കെടുപ്പ് വ്യക്തമാക്കുന്നു.
മെയ് 10 മുതല്‍ 13 വരെ നാല് ദിവസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് കണക്കെടുപ്പ് നടത്തിയത്. 11 ജില്ലകളിലെ 58 താലൂക്കുകളിലായി 35,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു കണക്കെടുപ്പ്. ജുനഗഡ്, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്‌നഗര്‍, രാജ്കോട്ട്, മോര്‍ബി, സുരേന്ദ്രനഗര്‍, ദേവഭൂമി ദ്വാരക, ജാംനഗര്‍, പോര്‍ബന്തര്‍, ബോട്ടാഡ് എന്നിവയുള്‍പ്പെടെയുള്ള ജില്ലകളിലായിരുന്നു കണക്കെടുപ്പ്. സിംഹങ്ങളുടെ ചലനങ്ങളും ആവാസവ്യവസ്ഥയും രേഖപ്പെടുത്തുന്നതിനായി വനങ്ങള്‍, തീരദേശമേഖലകള്‍, പുല്‍മേടുകള്‍, റവന്യൂ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലാണ് സെന്‍സസ് പ്രകാരമുള്ള പുതിയ കണക്ക് പുറത്തുവിട്ടത്. വനം വകുപ്പിന്റെ അക്ഷീണ പ്രയത്നത്തിന്റെയും പ്രോജക്ട് ലയണ്‍ പോലുള്ള പദ്ധതികളുടെയും ഫലമാണ് ഈ വര്‍ധനയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഗുജറാത്തില്‍ സിംഹം ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സംരക്ഷണത്തിനുായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി നിരവധി സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നരേന്ദ്രമോദി ആരംഭിച്ച പ്രോജക്ട് ലയണ്‍ വഴി സിംഹങ്ങളുടെ എണ്ണം നിയന്ത്രിക്കല്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയശ്രമങ്ങള്‍ക്ക് വലിയ വേഗത കൈവരിക്കാന്‍ കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ശ്രമങ്ങളുടെയും നാട്ടുകാരുടെ പ്രശംസനീയമായ സഹകരണത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രോജക്ട് ലയണ്‍ എന്ന പേരില്‍ ഗുജറാത്തില്‍ സിംഹങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം അവയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതും കാണുന്നത് സന്തോഷ കരമാണെന്നും വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ആവാസ വ്യവസ്ഥയുടെ പരിപാലനം, ആരോഗ്യ നിരീക്ഷണം, സാമൂഹ്യപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പ്രോജക്ട് ലയണ്‍ പദ്ധതി.