ന്യൂഡൽഹി: ഡൽഹിയിൽ വൻ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ ഏജൻസികൾ. വിദേശിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവർ ശേഖരിച്ചു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇന്ത്യ പുറത്താക്കിയ മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നു.
ഡൽഹിയിലെ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീനെ ഇന്നലെയാണ് ഇന്ത്യ പുറത്താക്കിയത്. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാൻ കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്ക് നിര്‍ദേശം നൽകുകയായിരുന്നു. നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന കർശന താക്കീതും ഇന്ത്യ നൽകി. ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നൽകിയത്.
ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമല്ലാത്ത രീതിയിൽ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിൽ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കിയിരുന്നു.