2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് വേദിക്ക് അവകാശവാദം ഉന്നയിച്ച് ഇന്ത്യ… പ്രതിനിധി സംഘം അടുത്ത മാസം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകും

183
Advertisement

2036 ഒളിംപിക്സിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിന് വേദിക്ക് അവകാശവാദം ഉന്നയിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘം അടുത്ത മാസം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകും. പ്രസിഡന്റ് പി ടി ഉഷയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) ഉദ്യോഗസ്ഥരും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും പ്രതിനിധികളും ഉള്‍പ്പെടുന്ന എട്ട് അംഗ പ്രതിനിധി സംഘം ജൂണ്‍ മാസം അവസാനം സ്വിറ്റ്സര്‍ലന്‍ഡിലെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനത്തേയ്ക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ഐഒസിയുടെ ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷനുമായാണ് (എഫ്എച്ച്സി) ഇന്ത്യന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുക. 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിനായി ഒക്ടോബറില്‍ രാജ്യം താല്‍പ്പര്യം പ്രകടിപ്പിച്ചതിനുശേഷം എഫ്എച്ച്സിയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്.

2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് ഗുജറാത്തിന് വേദി നല്‍കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇതിന്റെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളും ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ഒളിംപിക്സ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുകയും ഐഒസിയുടെ ഫീഡ്ബാക്കും മാര്‍ഗ്ഗനിര്‍ദ്ദേശവും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ വച്ചുതന്നെ നടത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 2 മുതല്‍ 7 വരെ ലണ്ടനിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സിജിഎഫ്) ആസ്ഥാനവും ഇതേ പ്രതിനിധി സംഘം സന്ദര്‍ശിക്കും. ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യ, ഖത്തര്‍, സൗദി അറേബ്യ, ജര്‍മ്മനി, ദക്ഷിണ കൊറിയ, ഹംഗറി എന്നി രാജ്യങ്ങളും 2036 ലെ ഒളിംപിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement