ഇൻഡോർ: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നു. കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനായി ഇൻഡോറിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ നിന്ന് മന്ത്രിയെ മാറ്റിനിർത്തിയെന്നാണ് സൂചന. വിദ്വേഷ പരാമർശത്തിൽ മന്ത്രിയുടെ മാപ്പു തള്ളിയ സുപ്രീം കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് ഐജി പ്രമോദ് വർമയുടെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക സംഘത്തെ മധ്യപ്രദേശ് ഡിജിപി നിയോഗിച്ചു. കല്യാൺ ചക്രവർത്തി, വാഹിനി സിങ് എന്നീ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ‘ഭീകരരുടെ സഹോദരി’ എന്നാണ് വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെപ്പറ്റി പരാമർശിച്ചത്. വിജയ്ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ, വിജയ്ഷാ തന്റെ പാർട്ടിയിലായിരുന്നുവെങ്കിൽ ആജീവനാന്തം പുറത്താക്കുമായിരുന്നുവെന്ന് കേന്ദ്ര മന്ത്രിയും ലോക്ജനശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷനായ ചിരാഗ് പാസ്വാൻ പറഞ്ഞു.