ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിന് വൻ തുക പിഴയിട്ട് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഓൺലൈൻ ആയി ഓഡർ ചെയ്ത 100 രൂപയുടെ രാഖി എത്തിക്കാതിരുന്നതിന് മുംബൈ സ്വദേശിനി നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്. നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ഉൾപ്പെടെ നാൽപ്പതിനായിരം രൂപയാണ് കോടതി പിഴ ചുമത്തിയത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് സമീന്ദര ആർ സർവെയും സമീർ എസ് കാംബ്ലെയും അടങ്ങുന്ന ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
2019-ൽ തന്റെ അനന്തരവന് വേണ്ടി ഓഡർ ചെയ്ത രാഖി ആമസോൺ ഡെലിവറി ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. 100 രൂപ വിലയുള്ള ‘മോട്ടു പട്ലു കിഡ്സ് രാഖി’ ആയിരുന്നു സ്ത്രീ ഓഡർ ചെയ്തത്. എന്നാൽ ഡെലിവറി ചെയ്യുമെന്ന് പറഞ്ഞ തീയതിക്ക് തലേദിവസം മുന്നറിയിപ്പ് ഇല്ലാതെ ഓഡർ ക്യാൻസൽ ചെയ്യുകയും 100 രൂപ റീഫണ്ട് ചെയ്യുകയുമായിരുന്നു.
തുടർന്നാണ് മുംബൈ സ്വദേശിനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയത്. പിന്നീട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.