ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശത്തില്‍ ശാസനയുമായി സുപ്രീംകോടതി.
മന്ത്രിയുടെ പരാമർശങ്ങള്‍ അവിവേകപരമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി ഖേദപ്രകടനം ആത്മാർത്ഥതയില്ലാത്ത മുതലക്കണ്ണീരാണെന്നും വിമർശിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കൊടിശ്വർ സിങ് എന്നിവരാണ് കേസ് പരിഗണിച്ചത്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഖേദപ്രകടനം ആവശ്യമില്ലെന്നും നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ദൗർഭാഗ്യകരമായ പ്രസ്താവനയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരു മന്ത്രി എന്ന നിലയില്‍ മറ്റുള്ളവരേക്കാള്‍ ഉയർന്ന നിലവാരം പുലർത്തേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
മന്ത്രിക്ക് എതിരായ കേസ് അന്വേഷിക്കാൻ സുപ്രീം കോടതി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട ഒരു പ്രത്യേക അന്വേഷണ സംഘത്തെയും (എസ്‌ഐടി) രൂപീകരിച്ചു. ഇതില്‍ ഒരാളെങ്കിലും സ്ത്രീയായിരിക്കണമെന്ന് കോടതി നിർദ്ദേശം നല്‍കി.