കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നായ നെഹ്റു യുവ കേന്ദ്ര സംഘതന്റെ(എൻവൈകെഎസ്) പേര് മാറ്റം നിലവിൽ വന്നു. മേര യുവ ഭാരത് എന്നാണ് പുതിയ പേര്. അരനൂറ്റാണ്ട് മുൻപ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് യുവ കേന്ദ്ര സ്ഥാപിച്ചത്. പേര് മാറ്റിയതായി കോഡിനേറ്റർമാർക്കു അറിയിപ്പ് ലഭിച്ചു.
എൻവൈകെ വെബ്സൈറ്റിൽ ഇപ്പോൾ മേരായുവഭാരത് എന്ന് ഹിന്ദിയിലും മൈ ഭാരത് എന്ന് ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയത്. ലോഗോയും മാറിയിട്ടുണ്ട്.
2023 ഡിസംബറിൽ പേരുമാറ്റം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് പ്രാബല്യത്തിലായത്. 2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈ ഭാരത് എന്ന പോർട്ടൽ തുടങ്ങിയിരുന്നു. അന്നു മുതൽ എൻവൈകെഎസിന്റെ എല്ലാ പരിപാടികളും ഈ പോർട്ടൽ വഴിയാണ് നടന്നിരുന്നത്. രാഷ്ട്ര നിർമാണത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു എൻവൈകെഎസിന്റെ ലക്ഷ്യം.