ജബൽപൂർ.ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം. ജബൽപൂർ ഹൈക്കോടതിയാണ് മധ്യപ്രദേശ് പോലീസ് മേധാവിയോട് മന്ത്രിക്കെതിരെ എഫഐആർ ഇടാൻ നിർദേശം നൽകിയത്. മന്ത്രിയെ പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്നും, കേസെടുക്കണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. വിദ്വേഷ ചുവയുള്ള പ്രസംഗതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ജബല്പുർ ഹൈകോടതി സ്വമേധയ കേസ് എടുത്തത്. തുടർന്ന് എഫ് ഐ ആർ ഇടാൻ പോലീസ് മേധാവിയോട് നിർദേശിക്കുക ആയിരുന്നു. കോടതി നിർദേശം വന്നതിനു പിന്നാലെ വിജയ് ഷായെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
അതിനിടെ വിദ്വേഷ പ്രസംഗം നടത്തിയ മന്ത്രിയുടെ പേര് പരാമർശിക്കാതെ സോഫിയ ഖുറേഷിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. ഒരാഴ്ച കൊണ്ട് രാജ്യത്തിന്റെ ഐക്കണായ സോഫിയ വഡോദരയുടെ മകളും, ബെലഗാവിയുടെ മരുമകളും, ഭാരതത്തിന്റെ അഭിമാനവുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സന്തോഷ് പറഞ്ഞു. വിദേശ പ്രസംഗത്തെ അപലപിച്ച ദേശീയ വനിതാ കമ്മീഷനും ബിജെപി മന്ത്രിയുടെ പേര് പറഞ്ഞില്ല. സോഫിയ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നുമാണ് വിജയ് ഷായുടെ വിശദീകരണം. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പരിപാടിക്കിടെ ആണ് മുതിർന്ന ബിജെപി നേതാക്കൾ വേദിയിൽ ഇരിക്കെയുള്ള പ്രസംഗം.