ഇന്ത്യന്‍സേന പാകിസ്താന്റെ ന്യൂക്‌ളിയര്‍ ബ്‌ളാക്‌മെയിലിന്റെ കാറ്റഴിച്ചുവിട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

ഇന്ത്യന്‍സേന പാകിസ്താന്റെ ന്യൂക്‌ളിയര്‍ ബ്‌ളാക്‌മെയിലിന്റെ കാറ്റഴിച്ചുവിട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സാധാരണ സൈനിക നടപടിയായിരുന്നില്ലായെന്നും ഭാരതത്തിന്റെ അന്തസ്സിന് വേണ്ടി ജീവന്‍ പണയപ്പെടുത്തുന്ന ഓരോ സൈനികന്റെയും പ്രതിജ്ഞയാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദംപൂര്‍ വ്യോമതാവളത്തിലെ സൈനികരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സഹോദരിമാരുടെയും പെണ്‍കുട്ടികളുടെയും സിന്ദൂരം മായ്ക്കാന്‍ ശ്രമം ഉണ്ടായപ്പോള്‍ ഭീകരുടെ വീട്ടില്‍ പോയി തിരിച്ചടി നല്‍കി. ഭീകരവാദത്തെ അതിന്റെ കേന്ദ്രത്തില്‍ ചെന്ന് തകര്‍ത്തു. പാകിസ്താന്‍ ആര്‍മിയും ഇന്ത്യയുടെ കരുത്തറിഞ്ഞു. പാകിസ്താനിലെ ഒരു ഭീകരകേന്ദ്രവും സുരക്ഷിതമല്ല. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയും ബാക്കിവെക്കില്ല. ഇന്ത്യന്‍ സേനയെ അവര്‍ വെല്ലുവിളിച്ചു പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം വര്ദ്ധിപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി ഓപ്പറേഷന്‍ സിന്ദൂര്‍ മാറി. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷനിലൂടെ തകര്‍ത്തത്. സൈന്യം ഒന്നായി നിന്ന് പോരാടിയതിന്റെ ഫലമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം നടത്തിയ പോരാട്ടം ദശകങ്ങളോളവും അതിന് ശേഷവും ഓര്‍മ്മിപ്പിക്കപ്പെടുമെന്നും പുതിയ തലമുറക്ക് പ്രേരണയും ആവേശവുമാണ് സൈന്യമെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.