ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയിൽ വീണ്ടും പാക്ക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനി ആറ് സർവീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്‌സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്.
പുതിയ സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസുകൾ റദ്ദാക്കുകയാണെന്ന് ഇൻഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും പുതിയ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ആപ്പ് വഴി വിമാന സർവീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിർദേശിച്ചു. ജമ്മു, ലേ, ജോഥ്പുർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യയും റദ്ദാക്കി.
രാത്രി അതിർത്തി കടന്നെത്തിയ ഏതാനും ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പിന്നീടു ഡ്രോണുകൾ എത്തിയിട്ടില്ലെന്നാണ് സൈന്യം നൽകുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്തമാക്കി.
ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്ന് അടച്ചതിനുശേഷം, ഇന്നലെ ഉച്ചയ്ക്കു തുറന്ന അമൃത്‌സർ വിമാനത്താവളത്തിൽ ഡൽഹിയിൽ നിന്നെത്തിയ ആദ്യ സർവീസ് മേഖലയിൽ വിളക്കുകൾ അണച്ചുള്ള ‘ബ്ലാക്ക് ഔട്ട്’ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇറക്കാനായില്ല. വൈകിട്ട് എട്ടിനു ഡൽഹിയിൽ നിന്നുപോയ ഇൻഡിഗോ വിമാനം 9.26ന് ഡൽഹിയിൽത്തന്നെ തിരിച്ചിറക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം അടച്ച 32 വിമാനത്താവളങ്ങൾ യാത്രാവിമാനങ്ങൾക്കായി ഇന്നലെയാണു തുറന്നത്.