ദിവസങ്ങള്‍ക്കിടെ ശാന്തമായ ആദ്യ രാത്രി പിന്നിട്ട് അതിര്‍ത്തി; പത്താന്‍കോട്ടില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

Advertisement

പത്താന്‍കോട്ട്: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ വന്നതോടെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. സമാധാനപരമായ രാത്രിക്ക് ശേഷം പത്താന്‍കോട്ടില്‍ ഇന്ന് വിപണിയടക്കം സജീവമാകുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആളുകളും വാഹനങ്ങളും നിരത്തില്‍ കാണാം. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് ജമ്മു കശ്‌മീരിലും മറ്റ് പ്രദേശങ്ങളിലും ഇന്നലെ രാത്രി പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, ദിവസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ശാന്തമായ രാത്രിയായിരുന്നു ഇത് എന്നും സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് എഎന്‍ഐയുടെ വാര്‍ത്തയില്‍ പറയുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയില്‍ അതിർത്തി പൊതുവെ ശാന്തമായിരുന്നു. ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യക്തമാക്കി. പാക് പ്രകോപനം കുറഞ്ഞെങ്കിലും അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടക്കും. പാക് പ്രകോപനത്തിനിടെ കൂടുതൽ ഭീകരർ നുഴഞ്ഞു കയറിയെന്ന സംശയത്തിൽ മേഖലയിൽ വ്യാപക പരിശോധന സൈന്യം നടത്തിവരികയാണ്.

അതേസമയം ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിന് ശേഷമുള്ള നിർണായക ഡിജിഎംഒ തല ചർച്ച ഇന്ന് നടന്നേക്കും. 12 മണിക്ക്
നിശ്ചയിച്ച കൂടിയാലോചനയിൽ പങ്കെടുക്കുമെന്ന സൂചന പാകിസ്ഥാൻ നല്‍കിയിട്ടുണ്ട്. രാജ്യത്തിന് അകത്തും അതിർത്തികളിലുമുള്ള സൈനിക നടപടികളുടെ മേൽനോട്ട ചുമതലയുള്ള കരസേനയിലെ മുതിർന്ന ഓഫീസറാണ് ഡിജിഎംഒ.
ലെഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായ് ആണ് ഇന്ത്യയുടെ ഡിജിഎംഒ. മേജർ ജനറൽ കാഷിഫ് അബ്ദുള്ളയാണ് പാകിസ്ഥാന്‍റെ ഡിജിഎംഒ. എതിർ രാജ്യത്തെ ഡിജിഎംഒയുമായി ആഴ്ചതോറും ഹോട്ട്‌ലൈനിലൂടെ ആശയവിനിമയം നടത്തുക ഡിജിഎംഒയുടെ ചുമതലയാണ്.

കശ്‌മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനുള്ള മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഒൻപത് ഭീകര താവളങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തിരുന്നു. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒട്ടേറെ ഭീകരരെ വധിക്കുകയും ചെയ്തു. ഇതിന് ശേഷം കനത്ത ഡ്രോണ്‍, ഷെല്‍ ആക്രമണമാണ് അതിര്‍ത്തിയിലും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും ജനവാസ മേഖലയിലേക്കും പാകിസ്ഥാന്‍ സൈന്യം അഴിച്ചുവിട്ടത്. ഇതിന് അതിശക്തമായ തിരിച്ചടി ഇന്ത്യ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.

എന്നാല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജമ്മുവിലടക്കം ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍ വാക്ക് തെറ്റിച്ചിരുന്നു. ഈ ശ്രമവും ഇന്ത്യ തരിപ്പിണമാക്കിയതോടെയാണ് പാകിസ്ഥാന്‍ ആക്രമണത്തില്‍ നിന്ന് പിന്‍വലിഞ്ഞത്.