അഭിമാനമായി  ‘ഓപ്പറേഷൻ സിന്ദൂർ ‘

Advertisement

ന്യൂ ഡെൽഹി :
ഭീകരതയെ ഉൻമൂലനം ചെയ്യാൻ ഇന്ത്യൻ സേന പാകിസ്ഥാനിലും, പാക് അധീന കാശ്മീരിലുമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ ‘രാജ്യത്തിന് അഭിമാനമായി.
ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമാണ് ഓപറേഷൻ സിന്ദൂർ എന്ന പേരില്‍ ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. 1.44 ന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.

രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാത്രി മോദിക്കൊപ്പം ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പ്രത്യാക്രമണത്തിന് മുതിർന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി, വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പിന്നാലെ റെഡ് അലർട്ട് പുറപ്പെടുവിച്ച പാകിസ്ഥാൻ, പാക് സൈന്യത്തിന് തിരിച്ചടിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. അതിനിടെ രാവിലെ പാകിസ്ഥാൻ സൈന്യം പൂഞ്ചിലും ഉറിയിലും
വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഉയർന്ന മലമുകളില്‍ നിന്ന് വീടുകള്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ പൂഞ്ചില്‍ മാത്രം 10 നാട്ടുകാർ കൊല്ലപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു. തിരിച്ചടിച്ച ഇന്ത്യൻ സൈന്യം മൂന്ന് പാക് സൈനികരെ വധിച്ചു.