ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അല്‍താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

Advertisement

ശ്രീനഗര്‍: ജമ്മു കശ്മിരീലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അല്‍താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു. കുല്‍നാര്‍ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ തീവ്രവാദികളെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുല്‍നാര്‍ അജാസ് പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഇതിനിടെയാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറെ സുരക്ഷാ സേന വധിച്ചത്.
ശ്രീനഗറിലെത്തിയ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത ദിവസം തന്നെ അദ്ദേഹം ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രാദേശിക ഭീകരരായ ആസിഫ് ഷെയ്ക്കന്റയും ആദിലില്‍ തോക്കറിന്റെയും ജമ്മു കശ്മീരിലെ ത്രാലില്‍ വീടുകള്‍ തകര്‍ത്തു. ആദിലിന്റെ വസതി ഐഇഡികള്‍ ഉപയോഗിച്ച് പൊട്ടിത്തെറിച്ചപ്പോള്‍, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.26 പേരുടെ മരണത്തിനിടയാക്കിയ ബൈസരന്‍ താഴ്വരയില്‍ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ ഭീകരരെ സഹായിച്ചതില്‍ ആദില്‍ തോക്കര്‍ നിര്‍ണായക പങ്ക് വഹിച്ചതായി കരുതപ്പെടുന്നു.ആക്രമണം നടത്തിയ തോക്കറിനെയും രണ്ട് പാകിസ്ഥാന്‍ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അനന്ത്‌നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.