ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ ഭീകരരെ തിരിച്ചറിഞ്ഞു. അഞ്ചില്‍ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ പാകിസ്ഥാനികളാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. രണ്ടുപേരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരരായ അലിഭായ് അഥവാ തല്‍ഹാ ഭായ് എന്നറിയപ്പെടുന്നയാളും ആസിഫ് ഫൗജി എന്നയാളും പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രത്തിലുള്ള മൂന്നു ഭീകരരില്‍ ഒരാളായ ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹ്‌സാന്‍ എന്ന ഭീകരന്‍ പുല്‍വാമ സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആദില്‍ ഹുസൈന്‍ നേരത്തെ പാകിസ്ഥാനില്‍ പോയി പരിശീലനം നേടിയിട്ടുണ്ട്. പീര്‍പഞ്ചാല്‍ മലനിരകളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അനന്തനാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 250 ഓളം പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബൈസരണില്‍ കുതിര സവാരി നടത്തുന്നവര്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നെല്ലാം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.