ന്യൂഡെൽഹി.രണ്ട് ദിവസത്തെ സൌദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മടക്കം. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൌദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയത്. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സംഭവത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ അറിയിച്ചു.
പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ആയിരുന്നു പ്രധാനമന്ത്രിയും സൌദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച. കൊട്ടാരത്തിൽ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ് ആണ് ലഭിച്ചത്. സുപ്രധാനമായ 4 കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെച്ചു. സ്പെയ്സ് ഏജൻസി, ആരോഗ്യം, ആന്റി ഡോപ്പിംഗ് ഏജൻസി തുടങ്ങിയ മേഖലകളിലെ സഹകരണ കരാറുകൾ ഇതിൽപ്പെടും. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ സഹകരിക്കുമെന്ന് സൌദി വ്യക്തമാക്കി. ഇന്ത്യ സൌദി സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൌൺസിൽ യോഗത്തിലും നരേന്ദ്രമോദിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പങ്കെടുത്തു. കൌൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി വർദ്ധിപ്പിക്കാൻ ധാരണയായി. കൂടാതെ സൌദിയിലെ വ്യവസായ പ്രമുഖരും സംഘടനാ പ്രതിനിധികളും ഉൾപ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഫാക്ടറി സന്ദർശനം ഒഴിവാക്കി.
Home News Breaking News സൌദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി